Wednesday, 4 February 2015

എമിലി

 എമിലി




സ്വപ്‌നങ്ങൾ കാണാത്തവരുണ്ടോ ? മനുഷ്യൻ ആദ്യം പഠിച്ചത് സ്വപ്നം കാണാനായിരിക്കും.പലര്ക്കും പല പല സ്വപ്‌നങ്ങൾ..എനിക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങൾ.ഇതെന്റെ കഥയാണ്...

ഞാൻ എമിലി..
കൗമാരത്തിന്റെ അപക്വമായ ചിന്തകളെ കൂട്ട് പിടിച്ചു നടക്കുന്നവൾ.എല്ലാ പെന്കുട്ട്യോളെയും പോലെ സ്നേഹിക്കാനും ശാസിക്കാനും എനിക്ക് അപ്പനും അമ്മയുമില്ല.ആകാശത്തെ ഏറ്റവും തിളങ്ങുന്ന നക്ഷത്രത്തെ ചൂണ്ടി കാണിച്ചു അതാണെന്റെ അപ്പനും അമ്മയുമെന്നാ വല്യമ്മ പറെണത്.ആരും കൂട്ടിനു സംസാരിക്കാനില്ലാത്തപ്പോ ഞാനവരോട് സംസാരിക്കാറുണ്ട്.അവിടെ അപ്പനും അമ്മച്ചിക്കും ഒരുപാട് സുഹൃത്തുക്കലുള്ളത്കൊണ്ട് എന്നോടൊന്നും സംസാരിക്കാറില്ല..എപ്പഴും തിരക്കാണ്.ചിലപ്പോ വിഷമമാവും


എനിക്ക് സുഹൃത്തുക്കളില്ല..ആരും അടുക്കത്തുമില്ല..ഞാനവരെ കാണാത്തതാണോ അല്ലെങ്കിൽ അവരെന്നെ നോക്കാത്തതാണോ എന്നറിയില്ല..അതുകൊണ്ട് ഞാൻ സ്കൂളിൽ പോകാറില്ല .പണ്ട് പോയിരുന്നു .എന്തിനു പോകണം?ജോലി കിട്ടാനോ ?

കുഞ്ഞുന്നാള്ളില് ടീച്ചർ ആരാവണമെന്നു ചോദിക്കാരുണ്ടായിരുന്നു..പലരും ടീച്ചരാവണം,ഡോക്ടരാവണം എന്നൊക്കെ ഉത്തരം പറയാറുണ്ടായിരുന്നു.പക്ഷെ അന്നും എനിക്കൊരുത്തരോമില്ല..എന്ത് ജോലിയും ചെയ്യും.
മനുഷ്യന് ഏറ്റവും അത്യാവശ്യമായി വേണ്ടത് ജോലിയാണോ ?ടീച്ചർ കുഞ്ഞുന്നാള്ളിലെ കുഞ്ഞുങ്ങളെ കരിയർ സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയായിരുന്നില്ലേ ?
ഇങ്ങനെ കുറെ ചോദ്യങ്ങലെപ്പോഴും ചോദിക്കും.
ജോലിയെതായാലും പണം കിട്ടിയാൽ മതി..മൂന്നു നേരം ഉണ്ണാനും ഉടുക്കാനും വേണ്ടി മാത്രം..

അങ്ങനെ ഒരു ലക്ഷ്യവുമില്ലാതെ ജീവിക്കുമ്പോഴായിരുന്നു ജീവിതത്തിനൊരു വഴിത്തിരിവുണ്ടായത്..
തോമസ്‌ !!
എങ്ങനെ പരിചയപ്പെട്ടുവെന്നറിയില്ല..പക്ഷെ പിന്നീടുള്ള ജീവിതത്തിൽ തോമസ്‌ കൂടെയുണ്ടായിരുന്നു. തോമസ്‌ നിങ്ങൾ വിചാരിക്കും പോലെ മനുഷ്യനല്ല..എന്നാലത് മൃഗവുമല്ല.
മനുഷ്യന്റെ മുഖവും പക്ഷിയുടെ ശരീരവുമാണ്.ഉരുണ്ട നീല കണ്ണുകൾ,നീണ്ട മൂക്ക്,രണ്ടു കുഞ്ഞു കൈകളും കാലുകളും പിന്നെ നീളമേറിയ വാലുമുല്ല ഒരു ജീവി.ആദ്യമായി കാണുന്നവർ ഒന്ന് പേടിക്കും.ഞാനും പേടിച്ചിരുന്നു.തോമസിനൊരു കൊച്ചു വായയുണ്ട്,ഇത് വരെ ഭക്ഷണം കഴിക്കാൻ വാ തുറന്നിട്ടില്ല,പക്ഷെ വായ തുറന്നാൽ പിന്നെ നിർത്താതെ സംസാരിച്ചിരിക്കും..ഞാനും.
'എവിടുന്നെന്റെ ഭാഷ പഠിച്ചു?'
'അതൊക്കെ അറിയാം..'
'ഓ..അപ്പോഴെന്റെ അപ്പച്ചനയച്ചതാണല്ലേ...'
'അതെ..'
അന്നായിരുന്നു ഞാനാ സത്യം അറിഞ്ഞത്,അതെന്റെ അപ്പനും അമ്മച്ചിയും കൊടുത്തുവിട്ട സമ്മാനമായിരുന്നു.
തോമസിനെ ഞാനാർക്കും കാണിച്ചു കൊടുത്തിട്ടില്ല.ആരെങ്കിലും അറിഞ്ഞാൽ അവനെ കൊന്നു കളയും.അവൻ മനുഷ്യനല്ലല്ലോ.!!ഞാനവനെ രഹസ്യമാക്കി വച്ചു.
അവനെന്നെ ഞാനിതുവരെ കാണാത്ത പല സ്ഥലങ്ങളിലേക്കും കൊണ്ട് പോവുമായിരുന്നു.അങ്ങനെ ഒരിക്കൽ അവന്റെ പുറകിലിരിക്കാൻ പറഞ്ഞു.കേട്ടപാതി കേൾക്കാത്ത പാതി ഞാൻ കയറിയിരുന്നു.അവന്റെ ചിറകുകൾ ഉയർന്നു.എന്റെ ഹൃദയം താഴേക്ക്‌ പോവുന്നത് പോലെ തോന്നി.ഞാൻ താഴേക്കു നോക്കി.എനിക്കൊന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല..മേഘങ്ങൾക്കിടയിലൂടെ പറന്നു.ഞാൻ പേടിച്ചു കണ്ണടച്ചു..കണ്ണ് തുറന്നപ്പോൾ ഞാനൊരു വലിയ കാട്ടിലെത്തിയിരിക്കുന്നു..
ഇരുട്ടിൽ ഒന്നും വ്യക്ത്തമായില്ലെങ്കിലും മിന്നാമിനുങ്ങുകൾ എനിക്ക് വഴികാണിച്ചു തന്നു.പിന്നിൽ തോമസുണ്ടെന്ന ധൈര്യത്തിൽ മുന്നോട്ട് നടന്നു..
'ഇത് ഭൂമി തന്നാണോ?കാഴ്ചകൾ അതി മനോഹരം..' ഞാൻ സംസാരിച്ചു തുടങ്ങി..
പക്ഷെ തോമസ്സോന്നും മിണ്ടിയില്ല..ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവിടെയെന്റെ വല്യമ്മച്ചിയും കുറെ പേരും ചേർന്ന് തോമസിനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു..

ഞാൻ നിലവിളിച്ചു..എന്റെ ശബ്ദം ആരും കേട്ടില്ല..എന്നെയും പിടിച്ചു മറ്റാരോ എങ്ങടോ കൊണ്ട് പോയി..

എന്റെ നാടി ഞരമ്പുകൾ വിറയ്ക്കാൻ തുടങ്ങി..പിന്നീടെന്തു സംഭവിച്ചുവെന്നോർമയില്ല.. കണ്ണ് തുറന്നപ്പോൾ അടുത്തു വെള്ളകോട്ടിട്ട ഡോക്ടർ വല്യമ്മച്ചിയോട് എന്തോ പറയുന്നുണ്ടായിരുന്നു..ഞാനെന്റെ റൂമിലല്ല..മറ്റെവിടെയോ ആണ്..അവിടിവിടെ ആയി എന്തൊക്കെയോ മെഷീനുകൾ..
ഞാൻ തോമസിനെ അന്വേഷിച്ചു..ഞാൻ ഓർക്കുമ്പോൾ അവനെന്റെ കണ്മുമ്പിൽ വരുമായിരുന്നു...
പക്ഷെ വന്നില്ല..പിന്നീട് ഞാൻ തോമസിനെ കണ്ടിട്ടില്ലാ...അവനെ കൊന്നോ?

അമ്മച്ചിയോടും ഡോക്ടറോടും ചോദിച്ചു..

'തോമസോ ??'
മറുപടി മറ്റൊരു ചോദ്യമായിരുന്നു..
അവരാരും തോമസിന്റെ കണ്ടിട്ടില്ലാത്ത്രെ..

അപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നോ?തോമസെന്റെ സ്വപ്നമായിരുന്നോ ?



*                                         *                                           *                                      *
'എന്താ അത്?? '

പാറൂട്ടി ഞെട്ടി..അവൾ കയ്യിലെ പുസ്തകം അടച്ചു..

'ആരാ അമ്മെ ഈ എമിലി..?'
'നീയതു വായിച്ചോ? ' വെപ്രാളത്തോടെ അമ്മ ചോദിച്ചു

'ഇല്ല അമ്മെ..ഞാൻ ചുമ്മാ മറിച്ച് നോക്കിയതാ..എന്താ അമ്മെ ?' പാറൂട്ടി അമ്മയിൽ കണ്ട വെപ്രാളത്തിന്റെ കാരണമന്വേഷിക്കാൻ കള്ളം പറഞ്ഞു ..

' ഓ അതോ..' അമ്മ മെല്ലെ ആ പുസ്തകം കയ്യിലെടുത്തു..

'ഇത് നിന്റെ വല്ല്യച്ചന്റെതാണ്..അത് വായിച്ചവരുടെയൊക്കെ സ്വപ്നത്തിൽ എമിലി വരുമത്രേ..ഏതോ ഒരു തോമസിനെ അന്വേഷിച്ചു..'

'എന്നിട്ടമ്മ വായിച്ചിരുന്നോ?'
'ഇല്ല്യ..അച്ഛനോട് ചോദിച്ചിരുന്നൂത്രെ ...എന്തിനാ ചുമ്മാ എന്റെ ഉറക്കം കെടുത്തുന്നത്...!! നീയും വായിക്കണ്ടാ..ഇപ്പൊ ന്റെ പാറൂട്ടി ഉറങ്ങിക്കോ '!! അമ്മ പുസ്ത്തകവുമെടുത്തു പുറത്തേക്ക് പോയി..

നാമം ജപിച്ചു പാറൂട്ടി കിടന്നു...ഒരുപാട് ചിന്തിച്ചു ചിന്തിച്ചു ഉറങ്ങിപ്പോയി.

മരത്തിനു പുറകിൽ ഒളിച്ചിരിക്കുകയായിരുന്നു പാറൂട്ടി...
പേടിച്ചവൾ തലയൊന്നുയർത്തി ആരെങ്കിലുമുണ്ടോയെന്ന് നോക്കി.പെട്ടെന്ന് മുന്നിൽ ചുവന്ന ചുരുളൻ മുടിയുള്ള സുന്ദരിക്കുട്ടി പ്രത്യക്ഷപ്പെട്ടു .

'പാറൂട്ടിയെ...എന്റെ തോമസിനെ കണ്ടുവോ??...'

പാറൂട്ടി ഞെട്ടിയുണർന്നു..!!


                                    -തുടരും..തുടരുമായിരിക്കും -